All for Joomla All for Webmasters

കേരള മുസ്‌ലിം ജമാഅത്ത് ലീഡര്‍ഷിപ്പ് 2017ന് പ്രൗഢ സമാപനം

കോഴിക്കോട്: സുന്നി പ്രസ്ഥാനത്തിന്റെ പുതിയ നിലപാടുകളും കര്‍മപദ്ധതികളും പഠനവിധേയമാക്കി സംസ്ഥാന തലത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് നടത്തുന്ന സംസ്ഥാന പഠന ക്യാമ്പിന്റെ പ്രഥമ സെഷന്‍ ലീഡര്‍ഷിപ്പ് 2017 പൂര്‍ത്തിയായി. കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളെ പ്രതിനിധാനം ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്കായി കാരന്തൂര്‍ മര്‍കസ് ഐ ടി സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിയന്ത്രണത്തില്‍ ബഹുജന ഘടകമായ കേരള മുസ്‌ലിം ജമാഅത്തും അതിനു കീഴിലുള്ള ജനകീയ ഘടകങ്ങളായ എസ് വൈ എസ്, എസ് എസ് എഫ്, പോഷക ഘടകങ്ങളായ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് തുടങ്ങിയ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ കര്‍മപദ്ധതികള്‍ക്ക് ക്യാമ്പ് അന്തിമരൂപം നല്‍കി. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരെ ലക്ഷ്യം വെച്ചുള്ള സമഗ്രവും സാര്‍വത്രികവുമായ പ്രബോധന നിലപാടുകള്‍ക്കും വിഷന്‍ 2017-18 രൂപം നല്‍കി.

സമര്‍പ്പണം, ഇബാദുര്‍റഹ്മാന്‍, മജിസ്റ്റേറിയം, ലീഡര്‍ഷിപ്പ് 17 തുടങ്ങിയ സെഷനുകള്‍ക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, പ്രൊഫ. കെ എം എ റഹീം, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍ നേതൃത്വം വഹിച്ചു. അഡ്വ. എ കെ ഇസ്മാഈല്‍ വഫ സ്വാഗതവും പ്രൊഫ. യു സി അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്കായി നടത്തുന്ന ലീഡര്‍ഷിപ്പ് 17 ക്യാമ്പ് 22ന് കായംകുളം മുനിസിപ്പല്‍ ഹാളില്‍ നടക്കും. സ്റ്റേറ്റ് ലീഡര്‍ഷിപ്പ് ക്യാമ്പുകളെ തുടര്‍ന്ന് നടത്തുന്ന ജില്ലാ പഠന ക്യാമ്പുകള്‍ ഈ മാസം 31നകം വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

 

Leave A Comment