All for Joomla All for Webmasters

‘ലീഡര്‍ഷിപ്പ് 2017’ : കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പിന് 15ന് തുടക്കമാവും

കോഴിക്കോട്: കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തില്‍ നവജാഗരണത്തിന് വ്യക്തമായ ലക്ഷ്യങ്ങളും കര്‍മ്മപദ്ധതികളുമായി ജൈത്രയാത്ര തുടരുന്ന കേരള മുസ്‌ലിം ജമാഅത്ത് ‘ലീഡര്‍ഷിപ്പ് 2017’ന് ഈ മാസം 15ന് തുടക്കമാകും.വര്‍ത്തമാന കാലത്തെ സങ്കീര്‍ണ്ണതകളിലും സമസ്യകളിലും കൃത്യമായ ദിശാബോധം നല്‍കുന്നതിനും വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 15ന് കോഴിക്കോട്ടും 22ന് കായംകുളത്തുമാണ് സംസ്ഥാന ലീഡര്‍ഷിപ്പുകള്‍. കേരളീയ സമൂഹത്തില്‍ ഗുണപരമായ ചലനങ്ങളും മാറ്റങ്ങളും ഉണ്ടാക്കുന്നതിന് ക്യാമ്പ് കര്‍മ്മപദ്ധതി തയ്യാറാക്കും.

മുസ്‌ലിംകളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളും ആവലാതികളും ചര്‍ച്ചചെയ്ത് പരിഹാരസാധ്യതകള്‍ കണ്ടെത്തുന്നതിനും നമ്മുടെ രാജ്യത്തിന്റെ മഹിതമായ രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് ഇടിച്ചില്‍ തട്ടിത്തുടങ്ങിയ ഇക്കാലത്ത് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന കര്‍മ്മപദ്ധതി കരട് ക്യാമ്പില്‍ രൂപീകരിക്കും.

പ്രസ്ഥാനത്തിന്റെ മാതൃഘടകമായ കേരള മുസ്‌ലിം ജമാഅത്ത് സമഗ്രമായ നേതൃപരിശീലനത്തിന്റെ പ്രഥമ ഘട്ടമായാണ് ലീഡേഴ്‌സ് ക്യാമ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഗുണമേന്മയും യോഗ്യതയുമുള്ള നേതൃത്വത്തിന് കീഴില്‍ എല്ലാ ഘടകങ്ങളും സജീവമാകണം. വര്‍ത്തമാന കാലത്തെ ബാധ്യതകളും സാധ്യതകളും തമ്മില്‍ ബന്ധിപ്പിച്ചുള്ള പദ്ധതികളുടെ നിര്‍വ്വഹണം അനിവാര്യമാണ്. മിഷന്‍ & വിഷന്‍ 2017-18 ഒരു വര്‍ഷക്കാലത്തെ സജീവവും സക്രിയവുമായ സംഘടനാ സാന്നിധ്യമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രാദേശികമായി സമൂഹത്തിന്റെ അച്ചടക്കവും ധാര്‍മ്മിക സദാചാര വിചാരങ്ങളുടെ ഉദാത്തീകരണവും സമുദ്ധാരണവും ഉറപ്പുവരുത്തുന്നതിന് സമഗ്രമായ മഹല്ല് ജമാഅത്ത്, നേതൃത്വം, സംഘാടനം, പ്രവര്‍ത്തനം തുടങ്ങിയ വിവിധ സെഷനുകളിലായാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത.്

‘ലീഡര്‍ഷിപ്പ് 17’ ഒന്നാം ഘട്ടമായി കാസര്‍ക്കോട് മുതല്‍ മുതല്‍ എറണാകുളം വരെയുള്ള ഒമ്പത് ജില്ലകളിലെ പ്രധാന നേതാക്കള്‍ക്കുള്ള ക്യാമ്പ് ജൂലൈ 15ന് രാവിലെ ഒമ്പത് മണിക്ക് കാരന്തൂര്‍ മര്‍കസ് ഐ.ടിസി ഹാളില്‍ ആരംഭിക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, അഡ്വ: എ.കെ ഇസ്മാഈല്‍ വഫ തുടങ്ങിയവര്‍ പ്രസീഡിയം ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും നേതൃത്വം നല്‍കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമാണ് ക്യാമ്പില്‍ സംബന്ധിക്കുക.

രണ്ടാം ഘട്ടം ജൂലൈ 22ന് കായംകുളത്ത് വെച്ച് നടക്കും. ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രതിനിധികള്‍ ഇവിടെ സംഗമിക്കും.

Leave A Comment