All for Joomla All for Webmasters

പെരുന്നാളാഘോഷം മാനവിക മൂല്യമുള്‍ക്കൊണ്ടാകണം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട് : ഒരുമാസത്തെ വ്രതശുദ്ധിയിലൂടെ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി ഈദുല്‍ ഫിത്വ്ര്‍ വന്നെത്തിയിരിക്കുന്നു. എല്ലാവര്‍ക്കും കേരള മുസ്‌ലിം ജമാഅത്തിന്റെ ഹൃദയം നിറഞ്ഞ ഈദാശംസകള്‍. വിളവെടുപ്പ് കാലം കഴിഞ്ഞു. ഇനി വിതയുടെ കാലമാണ്. സമര്‍പ്പിത ജീവിതവും നിഷ്‌കാമ സേവനവുമാണ് വിതകൊണ്ടുദ്ദേശിക്കുന്നത്. നോമ്പിന്റെ ആരാധനാ പെരുമാറ്റശീലങ്ങള്‍ തുടര്‍ ജീവിതത്തിലും നിരന്തരമായി നിലനില്‍ക്കട്ടെ. നോമ്പിന്റെ ആത്മസത്ത തഖ്‌വയാണ്. തഖ്‌വ ജീവിതത്തിലുടനീളം ഉണ്ടാവല്‍ വിജയത്തിന് അനിവാര്യമാണ്. സൂക്ഷ്മ ജീവിതമാണ് തഖ്‌വ. അഹിതകരമായ എല്ലാറ്റില്‍ നിന്നും പൂര്‍ണ്ണമായ അകലം പാലിക്കലും അനിവാര്യമായതിന്റെ പൂര്‍ണ്ണമായ പ്രയോഗവുമാണത്. ഇരുട്ടിന് കട്ടി കൂടിയ കാലമാണിത്. സകല ദുര്‍ഗുണങ്ങളും ഉഗ്രരൂപികളായുണ്ട്. സ്‌നേഹമാണ് പെരുന്നാളിന്റെ സന്ദേശം. അതിന്റെ അതിര് എത്രത്തോളമാണ്? ഇതിന് കൃത്യവും മതിയായതുമായ ഉത്തരം നബികരീം(സ്വ) പഠിപ്പിച്ചിട്ടുണ്ട്. നിനക്ക് നീ ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്കും നീ ആഗ്രഹിക്കുക. ഈ പാഠത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുക. മറ്റുള്ളവരുടെ അവകാശം വകവെച്ചു കൊടുക്കുക. എനിക്കുള്ളത്ര തന്നെ ഇതരര്‍ക്കുമുണ്ട് അവകാശങ്ങള്‍. ഇത് സമ്മതിച്ചു കൊടുക്കാന്‍ പോന്ന സഹിഷ്ണുതയും പാലിക്കാന്‍ പോന്ന പാകതയുമാണ് ബഹുമാനം. സഹിഷ്ണുതയേക്കാള്‍ ഏറെ മുന്നിലാണ് ബഹുമാനമെന്നോര്‍ക്കുക. ഇന്ന് ലോകത്ത് ഇസ്‌ലാം വേട്ടയാടപ്പെടുന്നു. കരുതലോടെയുള്ള ഇടപെടല്‍ ഏറ്റവും കൂടുതലാവശ്യമുള്ള കാലമാണിത്. സംഘര്‍ഷങ്ങള്‍ മതങ്ങള്‍ തമ്മിലാകുമ്പോള്‍ വര്‍ഗീയമാവും. വര്‍ഗീയത ഭ്രാന്തമാണ്. കൊല്ലുന്നവര്‍ക്കും കൊല്ലപ്പെടുന്നവര്‍ക്കുമറിയില്ല എന്തിനാണ് ഈ ക്രൂരതകളെന്ന്. മനുഷ്യരെയും മതങ്ങളെയും പ്രപഞ്ചത്തെയും മനസ്സിലാക്കി പ്രവര്‍ത്തിക്കുക. മാനവിക വിരുദ്ധനിലപാടുകളെ സൃഷ്ടിപരമായി തിരുത്തുക, തുരത്തുക.

Leave A Comment